10:26pm 04 August 2026
NEWS
മത്സ്യഭ്രൂണകോശത്തിൽ നിന്ന് സ്റ്റെം സെൽ സമാന കോശനിര വികസിപ്പിച്ച് കുസാറ്റ് ഗവേഷകർ
04/08/2026  07:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മത്സ്യഭ്രൂണകോശത്തിൽ നിന്ന് സ്റ്റെം സെൽ സമാന കോശനിര വികസിപ്പിച്ച് കുസാറ്റ് ഗവേഷകർ
HIGHLIGHTS

1.Dr.Jayesh Puthumana

2.Aswathi

കൊച്ചി: മത്സ്യഭ്രൂണകോശങ്ങളിൽ നിന്ന് ദീർഘകാലം ലബോറട്ടറിയിൽ വളർത്താനാകുന്ന സ്റ്റെം സെൽ സമാന കോശനിര വിജയകരമായി വികസിപ്പിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത് (എൻ.സി.എ.എ.എച്ച്) ശ്രദ്ധേയമായ ശാസ്ത്രനേട്ടം കൈവരിച്ചു.കുസാറ്റ് എൻ.സി.എ.എ.എച്ച് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയേഷ് പുതുമനയുടെ നേതൃത്വത്തിൽ ഗവേഷക വിദ്യാർത്ഥിനിയായ അശ്വതി നടത്തിയ പഠനത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ഗവേഷണഫലങ്ങൾ അന്താരാഷ്ട്ര പ്രശസ്ത ശാസ്ത്രജേണലായ 'ഫിഷ് ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രിയിൽ' (Fish Physiology and Biochemistry) പ്രസിദ്ധീകരണത്തിനായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ATES1 എന്ന പേരിൽ വികസിപ്പിച്ച കോശനിരയുടെ ഏറ്റവും വലിയ പ്രത്യേകത, മറ്റ് സഹായക കോശങ്ങളുടെ (Feeder Cells) പിന്തുണയില്ലാതെ തന്നെ ദീർഘകാലം വളർത്താനാകുന്നതും സ്റ്റെം സെല്ലുകളുടെ പ്രധാന സ്വഭാവസവിശേഷതകൾ നിലനിർത്തുന്നതുമാണ്. ഇന്ത്യയിൽ മത്സ്യങ്ങളിൽ നിന്നുള്ള സ്റ്റെം സെൽ സമാന കോശനിര വികസിപ്പിക്കുന്ന ഗവേഷണങ്ങൾ വളരെ വിരളമായതിനാൽ ഈ നേട്ടം കൂടുതൽ പ്രാധാന്യമർഹിക്കുന്നതാണ്.കഴിഞ്ഞ നാലര വർഷമായി ഈ കോശനിരയിൽ നടത്തിയ വിപുലമായ പരീക്ഷണങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ഗവേഷണത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്.ഈ കോശനിര ഭാവിയിൽ മത്സ്യരോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ, രോഗപ്രതിരോധ സംവിധാനങ്ങളുടെ വിശകലനം, ജനിതക ഗവേഷണം, ജീൻ എഡിറ്റിംഗ്, പുതിയ ഔഷധങ്ങളുടെയും വാക്സിനുകളുടെയും പരിശോധന എന്നിവയ്ക്ക് വിലപ്പെട്ട ഗവേഷണ മാതൃകയായി ഉപയോഗിക്കാനാകുമെന്ന് ഡോ. ജയേഷ് പുതുമന അറിയിച്ചു. കൂടാതെ, ലബോറട്ടറിയിൽ വികസിപ്പിക്കുന്ന മത്സ്യമാംസ (Cultivated Fish Meat) സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും ഇത് സഹായകമാകും.ലിപോഫെക്ഷൻ (Lipofection) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വൈറസ്-രഹിത ട്രാൻസ്ജീൻ കൈമാറ്റത്തിൽ ഈ കോശനിര ഉയർന്ന കാര്യക്ഷമത പ്രകടിപ്പിച്ചതായും പഠനം വ്യക്തമാക്കുന്നു. അതിനാൽ ഭാവിയിലെ കോശഗവേഷണങ്ങൾക്കും ജൈവസാങ്കേതികവിദ്യാ പ്രയോഗങ്ങൾക്കും ആവശ്യമായ ജനിതക മാറ്റങ്ങൾ എളുപ്പത്തിൽ നടത്താൻ കഴിയുന്ന വിശ്വസനീയമായ മാതൃകാ കോശസംവിധാനമായി ATES1 ഉപയോഗിക്കാനാകുമെന്ന് ഗവേഷകർ പ്രതീക്ഷ പ്രകടിപ്പിച്ചു.ഈ ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്റെ ജൈവസാങ്കേതികവിദ്യ വകുപ്പ് (Department of Biotechnology – DBT) സാമ്പത്തിക സഹായം നൽകിയിരുന്നു. രാജ്യത്ത് മത്സ്യ ജൈവസാങ്കേതികവിദ്യാ മേഖലയിലെ അടിസ്ഥാന ഗവേഷണങ്ങൾക്ക് ഈ പഠനം പുതിയ സാധ്യതകൾ തുറന്നിടുമെന്നാണ് ഗവേഷകസംഘത്തിന്റെ വിലയിരുത്തൽ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img